ദൈനംദിന ജീവിതത്തിന്റെ ഭാഗംതന്നെയാണ് നമുക്ക് പൊതുനിരത്തുകൾ. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന നമ്മുടെ റോഡുകളോട് നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, പഞ്ചായത്ത് റോഡ് തുടങ്ങി തിരിച്ചുവ്യത്യാസങ്ങൾ ഒന്നുമില്ലാതെ നാം ചെയ്യുന്നതോർത്താൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.
ജനസംഖ്യാ അനുപാതത്തിനനുസൃതമായി നമ്മുടെ റോഡ് സൗകര്യങ്ങൾ വികസിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയിലെ വൻ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഇത് ശരിവയ്ക്കുന്നു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അതിന്റെ തീവ്രത കുറഞ്ഞ മുഖങ്ങളാണ്. ഹൈവേകൾ ഒഴിച്ചാൽ കഷ്ടിച്ച രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം റോഡുകളും. അതുകൊണ്ടുതന്നെ വൺവേ എന്നത് പലപ്പോഴും നമ്മുടെ സുന്ദരസ്വപ്നമായി അവശേഷിക്കുന്നു. വാഹനപ്പെരുപ്പം നമ്മുടെ പൊതുനിരത്തുകളെ ബാധിക്കുന്ന പ്രശ്നമാണ്.
ദിവസേന എന്നോണമാണ് ഇന്ത്യൻ വാഹനവിപണിയിൽ പുതിയ മോഡലുകൾ നിലവിൽ വരുന്നത്. ടു വീലറുകൾ, ഹാച്ച് ബാക്ക്, സെഡാൻ, എസ്യുവി, മിഡ് സൈസ് എസ്യുവി, കോംപാക്ട് എസ്യുവി, എംയുവി ഡീസൽ, പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയിൽനിന്ന് ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലേക്കാണ് കമ്പനികൾ മത്സരബുദ്ധിയോടെ നമ്മെ നയിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വാഹനം എന്ന നിലയിൽനിന്ന് ഒരു വീട്ടിൽതന്നെ ഒന്നിലധികം കാറുകൾ എന്ന നിലയിലേക്ക് നാം പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു വ്യക്തിക്ക് ഒരു വാഹനം എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം മുന്നേറുകയുമാണ്. ഈ വാഹനപ്പെരുപ്പം എങ്ങനെ നേരിടും എന്നറിയാതെ കുഴഞ്ഞുനിൽക്കുന്ന റോഡുകളോടാണ് നമ്മൾ തീർത്തും കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നത്.
അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തി
ഗതാഗതത്തിന് ഉപയോഗിക്കപ്പെടേണ്ടവയാണ് റോഡുകൾ എന്ന അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് റോഡുകൾ നമ്മുടെ എല്ലാത്തരം പ്രകടനങ്ങളുടെയും വേദികൾ കൂടിയാവുകയാണ്. വിവിധ മതവിഭാഗങ്ങളിൽ പെട്ടവരുടെ പെരുന്നാളുകൾ, ഉത്സവങ്ങൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ആനയും അമ്പാരിയും, മുത്തുക്കുടയും രൂപങ്ങളും, കൊടി തോരണങ്ങളും ഒക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഗതാഗത സംവിധാനം ആകമാനം തകരാറിലാകുന്നു.
തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികളുടെ പര്യടനം കൂടാതെ കാൽനടജാഥ, ഇരുചക്രവാഹനജാഥ, മുച്ചക്രവാഹന ജാഥ, റോഡ്ഷോ തുടങ്ങിയവയൊക്കെയായി പൊതുനിരത്തുകളിൽ തിരക്കൊഴിയുന്നതേയില്ല! “ഈ വാഹനത്തിന് തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ നമ്മെ അഭിസംബോധന ചെയ്യാൻ എത്തുന്ന നമ്മുടെ പ്രിയങ്കരനായ/ പ്രിയങ്കരിയായ സ്ഥാനാർഥി….” എന്ന് അനൗൺസ്മെന്റ് കേൾക്കുമ്പോൾ നമുക്ക് ഉറപ്പിക്കാം നമ്മുടെ വിലയേറിയ സമയം വീണ്ടും പെരുവഴിയിലാകുകയാണെന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നാൽ വിജയാഘോഷവും നന്ദിപ്രകടനവും വീണ്ടും റോഡിൽതന്നെ. റോഡ് ഷോകളുടെ കാലത്ത് പൊതുവഴി മനുഷ്യന് സഞ്ചരിക്കാൻ ഉള്ളതാണെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും മറന്നുപോകുന്നു.
പൊതുനിരത്തിൽ ശക്തിപ്രകടനങ്ങൾ
ഇതിനും പുറമേയാണ് പൊതുനിരത്തിൽ അരങ്ങേറുന്ന വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും ശക്തിപ്രകടനങ്ങൾ. ഏതെങ്കിലും ഒരു മൈതാനിയിൽ ഒന്നിച്ചു കൂടുന്നതിനുമുമ്പ് ഒരു ജാഥ, ശക്തി പ്രകടനങ്ങൾ നിർബന്ധമാണ്. ആ ശക്തിപ്രവാഹത്തിൽ ഗതാഗതം സ്തംഭിക്കട്ടെ, ആംബുലൻസുകൾപോലും നിശ്ചലമാകട്ടെ! നമ്മുടെ പ്രതിഷേധാഗ്നികളും സമരജ്വാലകളും എത്രയധികം പെട്രോളും ഡീസലും ആണ് കത്തിച്ചുതീർക്കുന്നത്! (ഗതാഗതക്കുരുക്കിൽ പെടുന്ന വാഹനങ്ങളുടെ) പ്രതിഷേധം പെട്രോൾ ഡീസൽ വിലവർധനയ്ക്ക് എതിരാണെങ്കിൽകൂടി!
വിവിധ സാമൂഹിക വിഷയങ്ങളോടുള്ള പ്രതികരണത്തിനും നമ്മൾ പലപ്പോഴും വേദിയാക്കുന്നത് പൊതുവഴികളെത്തന്നെയാണ്. തെരുവുനാടകം, ഫ്ലാഷ് മോബ്, മൗനജാഥ, കലാരൂപം ഏതുമാകട്ടെ, അരങ്ങേറ്റവേദി പൊതുവഴിതന്നെ.
പൊതുനിരത്തുകൾ ഇല്ലാതെ നമുക്കെന്ത് ആഘോഷം? വന്നുവന്ന് നൃത്തനൃത്യാദികൾക്കും പൊതുവഴികൾ വേദിയാവുകയാണ്. ഒരു ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്ത് കൈയേറി ഡാൻസ് പ്രോഗ്രാം സംഘടിപ്പിച്ചവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഈ അടുത്തിടെ നാം കേട്ട വാർത്തയാണ്.
പ്രകടനങ്ങളുടെ രംഗവേദിയായി മാറി
ഓണം വന്നാലും, ഉണ്ണി പിറന്നാലും, പുതുവർഷമെത്തിയാലും പൊതുനിരത്തുകളുടെ സ്ഥിതി ഒന്നുതന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി റോഡ് കൈയേറി വടംവലി മത്സരം നടത്തുക, നാട്ടുകാരെ കാഴ്ചക്കാരാക്കി പുലികളിയും ചെണ്ടകൊട്ടും അവതരിപ്പിക്കുക, ക്രിസ്മസ് റാലികൾ സംഘടിപ്പിക്കുക, പുതുവർഷാഘോഷത്തിന്റെ ഭാഗമായി പൂത്തിരികളും കമ്പിത്തിരികളും കത്തിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തുക എന്നിങ്ങനെ വിവിധങ്ങളായ പ്രകടനങ്ങളുടെ രംഗവേദിയായി റോഡുകൾ മാറിക്കഴിഞ്ഞു.
പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾ, കന്പിത്തൂണുകൾ, വഴിയ്ക്കിരുപുറവും വലിച്ചെറിഞ്ഞിട്ടുള്ള മാലിന്യക്കെട്ടുകൾ, വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും, കാഴ്ച മറയ്ക്കുന്ന വൻ പരസ്യപ്പലകകൾ, മൈൽക്കുറ്റികളിലും സ്ഥലനാമ ബോർഡുകളിലും പോലും പതിപ്പിച്ചിരിക്കുന്ന നോട്ടീസുകൾ... പദയാത്രികര്ക്കു വേണ്ടിയുള്ള ചുരുക്കം ചില ഫുട്പാത്തുകളിൽ പാർക്കുചെയ്യുന്ന വണ്ടികൾ, തെരുവുകച്ചവടക്കാർ, ഇളകിയ ടൈലുകൾ, മൂടിയില്ലാത്ത ഓടകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അപര്യാപ്തതകൾ, സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾ...
അപരന്റെ മൂക്കിൻതുമ്പിൽ അവസാനിക്കുന്നതാണ് എന്റെ സ്വാതന്ത്ര്യം എന്ന തിരിച്ചറിവിലേക്ക്, മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ എനിക്ക് ബാധ്യതയുണ്ട് എന്ന ബോധ്യത്തിലേക്ക് നാം വളർന്നാൽ പൊതുനിരത്തുകൾ ഒരു പക്ഷേ, കുറേക്കൂടി സഞ്ചാരക്ഷമമാകും. വിള്ളലുകളും കുഴികളും തെരുവുനായ്ക്കളും നമ്മെ നോക്കി പല്ലിളിക്കുമെങ്കിൽ കൂടി!
(കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ലേഖിക)